Monday, May 4, 2009

എന്നെ ഇസ്ലാമില്‍നിന്ന് അകറ്റിയത് ഇതൊക്കെയാണ്.

ജാബിര്‍ പറയുന്നു: ഉഹ്ദ് യുദ്ധദിവസം ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ ചെന്നു ചോദിച്ചു:
“വധിക്കപ്പെടുന്ന പക്ഷം എവിടെയായിരിക്കും ഞാന്‍ ?” . “ സ്വര്‍ഗ്ഗത്തില്‍ ,” തിരുമേനി അരുളി. ഉടനെ ആ മനുഷ്യന്‍ കയ്യിലുണ്ടായിരുന്ന ഈത്തപ്പഴം വലിച്ചെറിഞ്ഞ് യുദ്ധക്കളത്തിലേക്കോടി. യുദ്ധം ചെയ്തു മരണം വരിച്ചു. [1574]

അബൂഹുറൈറ പറയുന്നു: യുദ്ധം വിജയിക്കുന്ന ഘട്ടത്തില്‍ തിരുമേനി ഇങ്ങനെ അരുളുക പതിവായിരുന്നു: “അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല; അവന്‍ ഏകനാണ്.; അവന്‍ തന്റെ സേനക്ക് അന്തസ്സും പ്രതാപവും പ്രദാനം ചെയ്തു. തന്റെ ദാസനെ സഹായിച്ചു. എകനായി നിന്നുകൊണ്ടു തന്നെ ഐക്യകക്ഷികളെ അവന്‍ പരാജയപ്പെടുത്തി. അവന്നു പുറമെയുള്ള ഒരു വസ്തുവിനും ശാശ്വതവും യഥാര്‍ത്ഥവുമായ നിലനില്‍പ്പില്ല തന്നെ.[1584]

അബൂസയീദ് പറയുന്നു: ഞങ്ങള്‍ ബനൂമുസ്തലഖ് യുദ്ധത്തില്‍ തിരുമേനിയോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്കു സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ് ല്‍ ” ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ടു താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി : “ നിങ്ങള്‍ അതു ചെയ്യാതിരുന്നാല്‍ എന്താണു കുഴപ്പം? ലോകാവസാനം വരേക്കും ഉടലെടുക്കാന്‍ പോകുന്ന ഒരു ജീവി പോലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.”[1590] (അസ് ല്‍ ചെയ്യുക എന്നാല്‍- സംഭോഗ വേളയില്‍ പുറത്തേക്കു സ്രവിപ്പിച്ച് ഗര്‍ഭധാരണം തടയുന്ന രീതി.)

സഹ് ല്‍ പറയുന്നു: ഒരിക്കല്‍ തിരുമേനിയും മുശ് രിക്കുകളും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍ ഇരു കൂട്ടരും ശക്തിയായി പോരാടി. തിരുമേനി തന്റെ സൈന്യത്തിലേക്കും ശത്രുക്കള്‍ അവരുടെ സൈന്യത്തിലേക്കും തിരിച്ചു പോയി. ശത്രുക്കളില്‍ ഒറ്റയും തെറ്റയുമായിക്കിടക്കുന്ന എല്ലാവരെയും പിന്തുടര്‍ന്നു തന്റെ വാളിന്നിരയാക്കിക്കൊണ്ടിരുന്ന ഒരാള്‍ തിരുമേനിയുടെ അനുചരന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നു. അന്നേരം ചിലര്‍ പറഞ്ഞു. “ഇന്നവന്‍ നിര്‍വ്വഹിച്ചപോലുള്ള ധീരകൃത്യം ഇന്നു നമ്മിലാരും നിര്‍വ്വഹിച്ചിട്ടില്ല. ” ഉടനെ തിരുമേനി അരുളി: “നിങ്ങളോര്‍ക്കണം ; അവന്‍ നരകക്കാരനാണ്. ” അപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു. “ഞാന്‍ അവന്റെ പിന്നാലെ പോകാം.” റാവി പറയുന്നു: എന്നിട്ട് ആ യോദ്ധാവൊപ്പം അയാള്‍ പുറപ്പെട്ടു. അയാള്‍ നില്‍ക്കുമ്പോഴൊക്കെ ഇദ്ദേഹവും നില്‍ക്കും. അയാള്‍ വേഗം പോയാല്‍ അയാളോടൊപ്പം ഇദ്ദേഹവും വേഗം പോകും. ആ യോദ്ധാവിന് കനത്ത ഒരു മുറിവു പറ്റി. അപ്പോള്‍ അയാള്‍ വേഗം മരിക്കാന്‍ വട്ടം കൂട്ടി. തന്റെ വാളിന്റെ വായ്ത്തല മേല്‍പ്പോട്ടും പിന്‍ഭാഗം ഭൂമിയിലേക്കും ആക്കി വെച്ചിട്ട് ആ വാളിന്മേല്‍ വീണ് ആത്മഹത്യ ചെയ്തു. അയാളെ പിന്തുടര്‍ന്നിരുന്ന മനുഷ്യന്‍ തിരുമേനിയുടെ അടുക്കല്‍ വന്നു പറഞ്ഞു: “അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്നു ഞാനിതാ സാക്ഷ്യം വഹിക്കുന്നു. “ തിരുമേനി ചോദിച്ചു: “അതിനിപ്പോഴെന്തുണ്ടായി?” അദ്ദേഹം പറഞ്ഞു: അവിടുന്ന് അല്‍പ്പം മുന്‍പ് ഒരാളെക്കുറിച്ച് അയാള്‍ നരകക്കാരന്‍ എന്നു പറഞ്ഞല്ലോ. ജനങ്ങള്‍ക്ക് അതു കേട്ടപ്പോള്‍ വലിയ അസുഖം തോന്നി. ഞാനവരോട് പറഞ്ഞു. അയാളുടെ യഥാര്‍ത്ഥ നിലപാട് ഞാന്‍ പോയി നോക്കി വരാം. ഞാന്‍ അവനെ പിന്തുടര്‍ന്നു. അവസാനം അവനു കനത്ത ഒരു മുറിവു പറ്റി. അപ്പോള്‍ അവന്‍ വാളിന്മേല്‍ വീണ് ആത്മഹത്യ ചെയ്തു. തിരുമേനി അരുളി : “ഒരു മനുഷ്യന്‍ ജനദൃഷ്ടിയില്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവൃത്തിയായിരിക്കും ചെയ്യുക.; വാസ്തവത്തില്‍ അയാള്‍ നരകക്കാരനായിരിക്കും. മറ്റൊരാള്‍ ജനദൃഷ്ടിയില്‍ നരകക്കാരുടെ പ്രവൃത്തിയാകും ചെയ്യുക. വാസ്തവത്തില്‍ അയാള്‍ സ്വര്‍ഗ്ഗക്കാരനായിരിക്കും. [1603]

അബൂ സയീദ് പറയുന്നു: ബനൂഖുറൈള ഗോത്രക്കാര്‍ സഅദിബ്നു മു ആദിന്റെ തീരുമാനം സമ്മതിക്കുവാന്‍ സന്നദ്ധരായി കോട്ടയില്‍നിന്നു പുറത്തേക്കിറങ്ങി വന്നു. തിരുമേനി സഅദിന്റെ അടുക്കലേക്ക് ആളയച്ചു. ഒരു കഴുതപ്പുറത്ത് കയരിക്കൊണ്ട് ഇറങ്ങി വന്ന സഅദ് പള്ളിയെ സമീപിച്ചപ്പോള്‍ , “നിങ്ങളുടെ നേതാവിനെ ആദരിച്ചുകൊണ്ട് എഴുന്നേറ്റു നില്‍ക്കുക” എന്നു തിരുമേനി അരുളി. സഅദ് തിരുമേനിയുടെ മുന്‍പില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോട് തിരുമേനി അരുളി: “ഇക്കൂട്ടര്‍ നിങ്ങളുടെ വിധി സ്വീകരിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.” സഅദ് പറഞ്ഞു. “അവരിലുള്ള പുരുഷന്മാരെ വധിക്കുകയും അവരുടെ കുട്ടികളെയും സ്ത്രീകളെയും അങ്ങ് ബന്ധനസ്ഥരാക്കുകയും ചെയ്യണമെന്നാണ് എന്റെ തീരുമാനം.” അപ്പോള്‍ , “അല്ലാഹുവിന്റെ വിധിയനുസരിച്ചു തന്നെയാണു താങ്കള്‍ വിധി കല്‍പ്പിച്ചിരിക്കുന്നത്.” എന്നു തിരുമേനി അരുളി.[1585]

ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-

“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.

യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‍, “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.

[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]

യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.

1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാ‍ത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.

2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.

3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.

ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.


യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെ‍ന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.

പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.

ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.

ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “‍നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”

ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി!